കൊല്ലം: കൊല്ലത്ത് ഒത്തുതീർപ്പായ കേസില്‍ ഗൃഹനാഥനെ അർദ്ധരാത്രി കസ്റ്റഡിയില്‍ എടുത്തതിനെതിരെ ഡിജിപിക്ക് പരാതി. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് പള്ളിമണ്‍ സ്വദേശി അജി പറഞ്ഞു. കേസ് അവസാനിച്ചത് അറിഞ്ഞില്ലെന്ന വിചിത്രവിശദീകരണവുമായി ചാത്തന്നൂർ പൊലീസ് രംഗത്തെത്തി. സംഭവത്തില്‍ നിയമപരമായി ഏതറ്റം വരേയും പോവും. അർധരാത്രി വീട്ടില്‍ വന്ന് ഇതുപോലുള്ള അതിക്രമങ്ങള്‍ ഇനി പൊലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല.

വീഡിയോ ക്ലിപ്പ് കാണുമ്പോള്‍ എല്ലാവർക്കും മനസ്സിലാവും എത്രയോ ഭീകരമായിരുന്നുവെന്ന്.കുട്ടികളും ഭാര്യയും കരയുന്നതും വീഡിയോയിലുണ്ട്. ഇനിയൊരിക്കലും ഒരു വീട്ടിലും ഇതുപോലെ ഉണ്ടാവരുത്. ഞാനൊരു പ്രശ്നക്കാരമല്ല, ഇതുവരെ എന്തേലും ഒരു പ്രശ്നത്തിന് സ്റ്റേഷനില്‍ കയറേണ്ട അവസ്ഥ വന്നിട്ടില്ല. ഇതിനെതിരെ ഏതറ്റം വരേയും പോകുമെന്നും അജി പറഞ്ഞു. ഒത്തുതീർപ്പായ കേസില്‍ വാറണ്ട് ഓർഡറുമായി ഇന്നലെ രാത്രിയാണ് വീട്ടില്‍ കയറി പൊലീസ് ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തത്.
കൊല്ലം പള്ളിമണ്‍ സ്വദേശി അജിയുടെ വീട്ടിലാണ് ഇന്നലെ ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. തന്‍റെ പേരില്‍ കേസില്ലെന്ന് പറഞ്ഞിട്ടും വീട്ടില്‍ കയറി പൊലീസ് അതിക്രമം നടത്തിയെന്നാണ് അജിയുടെ പരാതി. വസ്ത്രം മാറാൻ പോലും സമയം നല്‍കാതെ ഭാര്യയ്ക്കും പെണ്‍മക്കക്കും മുന്നില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയെന്ന് അജി പറഞ്ഞു. അര്‍ധരാത്രി 12 മണിയ്ക്ക് കസ്റ്റഡിയിലെടുത്ത അജിയെ പുലർച്ചെ മൂന്നു മണിയോടെ പൊലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു.

