കോഴിക്കോട് : ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിൽ പോയ യുവാവ് പൊലീസ് കസ്റ്റഡിയിൽ.

കോവൂർ സ്വദേശിയെ ചേവായൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മരണത്തിൽ യുവാവിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.
തൃശ്ശൂര്‍ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ മെഹ്‌രിസിനെ(21)യാണ് ഫെബ്രുവരി 21 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൗസയുടെ ബന്ധുക്കളുടെ പരാതിയിലാണ് ആരോപണ വിധേയനായ കോഴിക്കോട് കോവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച യുവാവ് ഗൂഡല്ലൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഒരു പച്ചക്കാറില്‍ യുവാവ് നഗരത്തിലുണ്ടെന്നായിരുന്നു രഹസ്യ വിവരം ലഭിച്ചത്. വയനാട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

