എറണാകുളം കാക്കനാട് സഹപാഠിയുടെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു. രണ്ട് സഹപാഠികൾക്കും അധ്യാപകർക്കും എതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പെൺകുട്ടിയ്ക്ക് മാനസിക പിന്തുണ നൽകിയില്ല എന്നതാണ് അധ്യാപകർക്കെതിരായ കുറ്റം. കാക്കനാട് തെങ്ങോട് ഗവൺമെൻറ് സ്കൂളിലെ വിദ്യാർഥിനിയാണ് സഹപാഠികളുടെ നായ്കുരുണപ്പൊടി പ്രയോഗത്തിൽ ആഴ്ചകളായി ദുരിതത്തിൽ കഴിയന്നത്. ഫെബ്രുവരി മൂന്നിനായിരുന്നു സഹപാഠികൾ വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയത്.
ദിവസങ്ങളോളം കുട്ടിക്ക് ചികിത്സയിൽ കഴിയേണ്ടി വന്നു. അണുബാധയെ തുടർന്ന് കുട്ടി നടക്കാൻ പോലും ബുദ്ധിമുട്ടി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയുടെ പരീക്ഷ പോലും അനിശ്ചിതത്വത്തിലായി. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് സഹപാഠികളായ രണ്ടുപേരെയും അധ്യാപകരെയും പ്രതിചേർത്ത് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.

