പിറവത്ത് കിണറിന്റെ പരിസരത്തെ കൊന്നയിൽ കയറി കുരുമുളക് പറിക്കുകയായിരുന്ന ഗൃഹനാഥൻ മരമൊടിഞ്ഞ് നാൽപ്പതടിയിലേറെ ആഴവും അഞ്ചടിയിലേറെ വെള്ളവുമുള്ള കിണറ്റിൽ വീണു. തൊട്ടടുത്ത് കുരുമുളക് പറിക്കുകയായിരുന്ന ഭാര്യ പത്മം പിന്നൊന്നും ആലോചിച്ചില്ല. ഭർത്താവ് കിണറിനുള്ളിൽ കുഴഞ്ഞു വീഴുമെന്ന് മനസ്സിലാക്കിയ അവർ കയർ മരത്തിൽ കെട്ടി അതിൽ തൂങ്ങി കിണറ്റിലിറങ്ങി ഭർത്താവിനെ താങ്ങിനിർത്തി.

വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന രണ്ടുപേരെയും റെസ്‌ക്യു നെറ്റിലിരുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കൂടുതൽ പരിശോധനകൾക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

റിട്ട. പോലീസ് ഉദ്യോഗസ്ഥനായ ഇലഞ്ഞിക്കാവിൽ രമേശൻ നായർ സകുടുംബം മൂവാറ്റുപുഴയിലാണ് താമസം. പിറവത്ത് കൃഷികാര്യങ്ങൾ നോക്കാനും വീട്ടുവളപ്പിലെ കുരുമുളക് പറിച്ചെടുക്കാനുമായി ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം ഭാര്യയുമൊത്ത് പിറവത്തെത്തിയത്. സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുൽ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എസ്. വിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.

