കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ പ്രചാരണത്തിൽ നിന്നും തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സംഭവത്തെ അപലപിച്ചും ബിജെപിയെ വിമർശിച്ചുമാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഈ ആക്രമണം ബിജെപിയുടെ രീതിയാണെന്നും ബിജെപി വേരുറപ്പിച്ചാൽ എത്ര മാത്രം ആപത്ത് എന്നതിന്റെ സൂചനയാണ് ഇതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രചാരണം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. ബിജെപി ജനാധിപത്യ മര്യാദ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞതിൽ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍എംആര്‍ റസാഖും രംഗത്തുവന്നിരുന്നു. പാലക്കാട് ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാറില്ലെന്നും വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നുമാണ് എന്‍എംആര്‍ റസാഖ് അഭിപ്രായപ്പെട്ടത്. വിദ്വേഷവും വെറുപ്പും മറ്റുള്ള അണികളില്‍ പ്രയാസം ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ചെയ്താല്‍ നാടിനെ നമുക്ക് പിടിച്ചാല്‍ കിട്ടില്ലെന്നും റസാഖ് വ്യക്തമാക്കിയിരുന്നു.