പാലക്കാട്: തരൂര്‍ നിയോജക മണ്ഡലത്തിലെ കോട്ടായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നു.

കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹന്‍കുമാറും പ്രവര്‍ത്തകരുമാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു മോഹന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

നേരത്തെ, കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് മോഹന്‍കുമാറും മറ്റ് ചില നേതാക്കളും രംഗത്തെത്തിയിരുന്നു. പിന്നാലെ കോട്ടായില്‍ വിമത കണ്‍വെന്‍ഷനും വിളിച്ചുചേര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍കുമാറടക്കമുള്ള വിമത നേതാക്കള്‍ സിപിഐഎമ്മിലെത്തിയത്.
മോഹന്‍കുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് ചുവന്ന പെയിന്റടിക്കാനുള്ള ശ്രമം നടന്നു. ഇത് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിന് വഴിയൊരുക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കും ഷാഫി പറമ്പിലിനുമെതിരെ, പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന മോഹന്‍കുമാര്‍ രംഗത്തെത്തി. പാലക്കാട് കോണ്‍ഗ്രസ് വര്‍ഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. ഷാഫി പറമ്പില്‍ പാലക്കാട് ജയിക്കുന്നത് വര്‍ഗീയത പറഞ്ഞാണ്.
ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ് രാഹുലിന് പാലക്കാട്ടെ സീറ്റ് കിട്ടിയത്. പാലക്കാട്ടെ നിരവധി നേതാക്കളെ തഴഞ്ഞു. ഡിസിസി പ്രസിഡന്റിന് പോലും ഷാഫി പരിഗണന നല്‍കിയില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

