പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി വർഷങ്ങളോളം ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണു രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.

നാവികസേനയെയും മറ്റു പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ വിശാൽ യാദവ് പാക്കിസ്ഥാനിലെ ഒരു സ്ത്രീയ്ക്കാണു കൈമാറിയിരുന്നത്. വിവരങ്ങൾക്കു പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നുവെന്നു മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന ചാരപ്രവർത്തനങ്ങൾ രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.

