ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അടച്ചിട്ട നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജമ്മു കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.

പഹൽഗാം അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികൾ എത്തുന്നത്. ബെതാബ് താഴ്വര, പഹൽഗാം മാർക്കറ്റ്, വെരിനാഗ് ഗാർഡൻ, കോകെർനാഗ് ഗാർഡൻ തുടങ്ങിയ പ്രദേശങ്ങളാണ് നിലവിൽ തുറന്നുനൽകിയിരിക്കുന്നത്.

ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഭീകരാക്രമണം നടന്ന പഹൽഗാമിലെ ഒന്നിലധികം പാർക്കുകൾ സഞ്ചാരികൾക്കായി തുറന്നുനൽകിയിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികൾ അടക്കം നിരവധി പേരാണ് ഈ പ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്നത്. ഇതോടെ മേഖലയിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ആശ്വാസമായിരിക്കുകയാണ്. ഭീകരാക്രമണത്തിന് മുൻപേയുള്ള ജീവിതം തിരിച്ചുവരികയാണെന്നുള്ള പ്രതീക്ഷയിലാണ് ഇവർ.

