കണ്ണൂർ: മണിപ്പൂർ കലാപ കേസ് പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ. തലശ്ശേരിയിൽ നിന്നാണ് മെയ്തെയ് വിഭാഗത്തിലെ യുവാവിനെ എൻഐഎ പിടികൂടിയത്. രാജ്കുമാർ മൈപാക് സംഘാണ് പിടിയിലായത്.

ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്. കേരള പൊലീസിനെ അറിയിക്കാതെയാണ് എൻഐഎയുടെ നീക്കം.

മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെന്ന് പറഞ്ഞാണ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഇടത്തെത്തിയത്. ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാർകാർഡും ചിത്രവും ഒത്തുനോക്കിയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. ചെവിക്കുകീഴെ കഴുത്തിലായി പ്രത്യേക രീതിയിൽ പച്ചകുത്തിയതും എൻഐഎക്ക് രാജ്കുമാറിനെ തിരിച്ചറിയൽ എളുപ്പമാക്കി.

