തിരുവനന്തപുരം: ചെക്ക് പോസ്റ്റുവഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്‍റെ ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം.

ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും. ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നേരത്തെയുണ്ടായിരുന്നു. എന്നാൽ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളാണ് ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കിയത്. കേരളത്തിൽ ജി.എസ്.ടി വകുപ്പാണ് ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കിയത്.

മോട്ടോർ വാഹനവകുപ്പിൻെറ 20 ചെക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്. ഓണ്‍ലൈൻ വഴി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകള്‍ പ്രിൻറ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടർന്നത്.

