കൊച്ചി: പീഡനപരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ.

ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജി വെയ്‌ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ എന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്ക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

