കൊച്ചി: പുറംകടലിൽ അപകടത്തിൽപെട്ട എം എസ് സി എൽസ3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം.

മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും പ്രാഥമിക പഠനറിപ്പോർട്ട് പറയുന്നു. ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

എം എസ് സി എൽസ3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.

