India

മണിപ്പുരിന്റെ തുടർച്ചയായ വികസനത്തിനായി പ്രാർഥിക്കുന്നു; നരേന്ദ്രമോദി

ന്യൂ‍ഡൽഹി: മണിപ്പുരിന്റെ തുടർച്ചയായ വികസനത്തിനായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പുരോ​ഗതിക്ക് മണിപ്പുർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു. സംസ്ഥാന രൂപീകരണത്തിന്റെ വാർഷിക ദിനത്തിൽ മണിപ്പൂരിന് ആശംസകൾ നേർന്നുള്ള കുറിപ്പിലാണ് പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. മണിപ്പുരിൽ കുക്കി– മെയ്തേയ് വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപം തുടരുന്നതിനിടെയാണ് സംസ്ഥാന രൂപീകരണത്തിന്റെ വാർഷിക ആഘോഷങ്ങളും.

‘‘മണിപ്പുർ രൂപീകരണ ദിനത്തിൽ, സംസ്ഥാനത്തെ ജനങ്ങൾക്ക് എന്റെ ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പുർ മികച്ച സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനിക്കുന്നു. മണിപ്പുരിന്റെ തുടർച്ചയായ വികസനത്തിനായി ഞാൻ പ്രാർഥിക്കുന്നു.’’– മോദി കുറിച്ചു.

മണിപ്പുരിൽ കുക്കി– മെയ്തേയ് വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിനിടെയാണ് വാർഷിക ആഘോഷങ്ങളും. കഴിഞ്ഞ വർഷം കലാപം ആരംഭിച്ചതിനു ശേഷം പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ വിമർശനം ഉയർത്തുന്നതിനിടെയാണ് ആശംസ നേർന്ന് പ്രധാനമന്ത്രി എത്തിയതെന്നത് ശ്രദ്ധേയമാണ്. മണിപ്പുരിൽനിന്ന് ഇപ്പോഴും അക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ത്രിപുര, മേഘാലയ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസ നേർന്നു. 1972ലാണ് മണിപ്പുർ, ത്രിപുര, മേഘാലയ എന്നിവയ്ക്ക് സംസ്ഥാന പദവി ലഭിച്ചത്. നാട്ടുരാജ്യങ്ങളായിരുന്ന മണിപ്പുരും ത്രിപുരയും 1949 ഒക്ടോബറിലാണ് ഇന്ത്യയ്ക്കൊപ്പം ചേർന്നത്. സ്വാതന്ത്ര്യാനന്തരം മേഘാലയ അസമിന്റെ ഭാഗമായിരുന്നു. 1971ലെ വടക്കുകിഴക്കൻ മേഖല (പുനഃസംഘടന) നിയമം നിലവിൽ വന്നതിനുശേഷം 1972ലാണ് ഇവയ്ക്ക് സംസ്ഥാന പദവി ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top