കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്ന് യുവാവും യുവതിയും പുഴയിലേക്ക് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. യുവതി നീന്തിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. യുവാവിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

യുവതി വിവാഹിതയാണ്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. യുവതിയും യുവാവും പ്രണയത്തിലായിരുന്നു. രാവിലെ മുതൽ വിവിധയിടങ്ങളിൽ ചുറ്റിക്കറങ്ങിയ ശേഷം രാത്രിയോടെ ഇരുവരും പാലത്തിൽ എത്തുകയായിരുന്നു. ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി അഴീക്കോട് ബോട്ടുപാലത്തിന് സമീപത്തെത്തി.

മീൻ പിടിച്ചുകൊണ്ടിരുന്ന സമീപവാസികളാണ് യുവതിയെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് തന്നോടൊപ്പം ഒരാളും കൂടിയുണ്ടെന്ന വിവരം യുവതി പറഞ്ഞത്. പിന്നാലെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയായിരുന്നു. രാത്രി മുഴുവൻ തെരഞ്ഞെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

