Kerala

അയൽവാസിയുടെ പുരയിടത്തിൽ മുൻ അധ്യാപകൻ ആത്മഹത്യ ചെയ്ത നിലയിൽ

വണ്ണപ്പുറം: വായ്പക്കുടിശിക സംബന്ധിച്ചു ബാങ്കിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ മുൻഅധ്യാപകനെ അയൽവാസിയുടെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിയാർ മുള്ളൻകുത്തി കുഴിയാമ്പിൽ ബെന്നി(54)യെയാണ് ആത്മഹത്യ ചെയ്തത്. ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നാണ് ബെന്നി ജീവനൊടുക്കിയതെന്നാണ് ബന്ധുകളുടെ ആരോപണം.

2013ൽ തൊടുപുഴ കാർഷികവികസന ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ കുറച്ചു തവണകൾ അടച്ചു. നാഗാലാ‌ൻഡിൽ അധ്യാപകനായിരുന്ന ബെന്നി 4 വർഷം മുൻപാണു തിരിച്ചുവന്നത്. തിരികെ നാഗാലാൻഡിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ ഇദ്ദേഹത്തിനു ഹൃദയസംബന്ധമായ രോഗം പിടിപെട്ടു. ഭാര്യയും രോഗബാധിതയായി. ഇതോടെ വായ്പയുടെ തിരിച്ചടവു മുടങ്ങി. പലിശയും പിഴപ്പലിശയും ചേർന്ന് ഇരട്ടിയോളമായി. തുടർന്നു ബാങ്ക് ജപ്തിക്കു മുന്നോടിയായി പത്രപ്പരസ്യം നൽകുമെന്നു കാട്ടി നോട്ടിസ് നൽകി.

ബെന്നിയുടെ 2 പെൺമക്കളിൽ ഒരാൾ നഴ്സിങ്ങിനും മറ്റൊരാൾ പ്ലസ്ടുവിനും പഠിക്കുകയാണ്. ഇവരുടെ പഠനച്ചെലവു കണ്ടെത്താനും വായ്പക്കുടിശിക അടയ്ക്കാനും കഴിയാത്തതു ബെന്നിയെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ ബെന്നിയെ കണ്ടത്.

ഇയാൾ മരിക്കുന്നതിനു തലേന്നു വീട്ടിൽ കലഹം ഉണ്ടായതിനെത്തുടർന്നു കാളിയാർ പൊലീസ് എത്തി ഭാര്യയെയും മകളെയും ഇവിടെ നിന്നു മാറ്റിയിരുന്നു. വായ്പക്കുടിശികയുള്ള എല്ലാവർക്കും നോട്ടിസ് അയച്ചതല്ലാതെ ജപ്തി നടപടികളിലേക്കു കടന്നിട്ടില്ലെന്നു കാർഷിക വികസന ബാങ്ക് അധികൃതർ പറഞ്ഞു. വായ്പയെടുത്ത ശേഷം വർഷങ്ങളായിട്ടും ഒരു തവണ പോലും തിരിച്ചടവു നടത്താത്ത ഒരാളുടെ പേരിൽ മാത്രമാണ് ഇപ്പോൾ ജപ്തിനടപടി എടുത്തിട്ടുള്ളതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top