ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് ആംആദ്മിയുടെ പിന്തുണ. സമരത്തിന് പിന്തുണയുമായി ആംആദ്മി നേതാവ് സഞ്ജയ് സിങ് വേദിയിലെത്തി. ഇടതുപാര്‍ട്ടികളുടെ ആവശ്യത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കണമെന്ന് സഞ്ജയ് സിങ് പറഞ്ഞു.

ഇത് രാഷ്ട്രീയത്തിന് അതീതമായ വിഷയമാണെന്നും സഞ്ജയ് സിങ് പറഞ്ഞു. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട 2,000 കോടി രൂപയുടെ പാക്കേജ് കേന്ദ്രം അനുവദിക്കണം. ദുരന്ത ബാധിതരായ കുടുംബങ്ങളോടൊപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും സഞ്ജയ് സിങ് ആവശ്യപ്പെട്ടു. വയനാട് എംപി പ്രിയങ്കാ ഗാന്ധി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സിപിഐ നേതാവ് ഇ ജെ ബാബുവും രംഗത്തെത്തി. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കേണ്ട എംപി മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ട് എന്തുകാര്യമെന്ന് ഇ ജെ ബാബു ചോദിച്ചു. വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ പ്രിയങ്ക വിസമ്മതിക്കുകയാണെന്നും ഇ ജെ ബാബു ആരോപിച്ചു.

