തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകള്‍ കാണുമ്പോള്‍ തന്നെ അതിക്രൂരമാണ്.

വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനില്‍ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉള്‍പ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.
റാഗിങ് അറിഞ്ഞില്ലെന്ന സ്കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കോറിഡോറില്‍ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികള്‍ എന്തിനു ജൂനിയർ വിദ്യാർത്ഥിളുടെ മുറിയില്‍ പോകണം. അതും ഒരിക്കല്‍ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി പറഞ്ഞു. അതിനിടെ, കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംങ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നാണെന്ന് പൊലീസ് പറയുന്നു.

