കൽപറ്റ: വയനാട്ടിലും എഫ് സോൺ കലോത്സവത്തിനിടെ കെഎസ്‌യു എസ്എഫ്ഐ സംഘർഷം. പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ എഫ് സോൺ കലോത്സവത്തിനിടെയായിരുന്നു സംഘർഷം. കാലിക്കറ്റ് സർവകലാശാല യൂണിയൻ ജോയിൻ്റ് സെക്രട്ടറി അശ്വിൻ നാഥിന് സംഘർഷത്തിൽ പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ആരോപണം.

സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മാളയിൽ നടന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെ എസ് യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.

എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചിരുന്നു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.

