Kerala

മുറിപൂട്ടി കിടന്നുറങ്ങി 2 വയസുകാരി, പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി ഫയർഫോഴ്സ്

കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളിൽ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാർ, ഒടുവിൽ രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള  വീട്ടുകാർക്കാണ് 2 വയസുകാരിയായ കുട്ടി എട്ടിൻ്റെ പണി കൊടുത്തത്. രാത്രി പത്തരയോടെ മുറിയിൽ കയറി വാതിലടച്ച കുട്ടി മുറി പൂട്ടി കട്ടിലിൽ കയറിക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു.

കതക് തുറക്കാനാകാതെ വന്നതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. രാത്രിയായതും, കർട്ടൻ മൂലം മുറിയിലെ കാഴ്ചകൾ കാണാനാകാതെ വന്നതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് നേരിട്ട് കാഞ്ഞിരപ്പളളിയിൽ ഫയർഫോഴ്സ് ഓഫീസിലെത്തി വിവരം ധരിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഫൽ പി.എയുടെ നേതൃത്വത്തിൽ  ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറി. ഇതെല്ലാം നടക്കുമ്പോഴും കുട്ടി പക്ഷേ മുറിയ്ക്കുള്ളിൽ സുഖമായുറങ്ങുകയായിരുന്നു.

അമ്മ വന്നെടുത്തപ്പോൾ മാത്രമാണ് കുട്ടി ഉറക്കമുണർന്നത്. കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാന രീതിയിൽ രണ്ടര വയസുള്ള കുട്ടി മുറിക്കുള്ളിൽ കയറി വാതിൽ പൂട്ടിയിരുന്നു. അന്നും ഫയർഫോഴ്സ് എത്തി പൂട്ട് പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ് വിജയ്, എം.കെ സജുമോൻ, അരവിന്ദ് എസ്.എസ്, ശരത്ചന്ദ്രൻ എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top