തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയെ അവഗണിക്കാന്‍ തീരുമാനിച്ച് കെപിസിസി.

ശശി തരൂരിന്റെ പ്രതികരണത്തിന് മറുപടി നല്‍കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം. വിഷയത്തില്‍ പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം.

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. കോണ്‍ഗ്രസ് നേതൃത്വത്തോട് ചില അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശി തരൂര്‍ വ്യക്തമാക്കി.

