കൊച്ചി കപ്പലപകടത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയെ ഒന്നാം പ്രതിയാക്കിയാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തത്. മത്സ്യത്തൊഴിലാളി നീര്‍ക്കുന്നം സ്വദേശി ഷാംജി നല്‍കിയ പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കപ്പല്‍ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പിംഗ് മാസ്റ്റര്‍ രണ്ടാം പ്രതിയും , കപ്പല്‍ ജീവനക്കാര്‍ മൂന്നാം പ്രതിയുമാണ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ കപ്പല്‍ കൈകാര്യം ചെയ്തു, മത്സ്യമേഖലയ്ക്കും പരിസ്ഥിതിക്കും ദോഷമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷ്യക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും എഫ്‌ഐആറിലുണ്ട്.

ഉദാസീനതയോടെ കപ്പല്‍ കൈകാര്യം ചെയ്തതായി എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. മത്സ്യബന്ധന മേഖലക്ക് പ്രതിസന്ധിയുണ്ടാക്കിയെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

