പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ ആർഎസ്എസ് പിന്തുണ പരാമർശത്തിൽ സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

മുൻ ജനറൽ സെക്രട്ടറി സുന്ദരയ്യയുടെ രാജിക്കത്ത് ചൂണ്ടിക്കാട്ടി, എങ്ങനെയാണ് സിപിഐഎമ്മിന് അവസരവാദ നിലപാട് എടുക്കാൻ സാധിക്കുകയെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ആർഎസ്എസുമായി ബന്ധമേയില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയായി അവയ്ക്ക് താൻ തെളിവുകൾ ഹാജരാക്കാമെന്നും അല്പസ്വല്പം ഉപകാരസ്മരണയെങ്കിലും മുഖ്യമന്ത്രിക്ക് വേണമെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

യാഥാർത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അവസരവാദപരമെന്നും 1977ൽ പിണറായി വിജയൻ നിയമസഭയിലേക്ക് വിജയിച്ചത് ആർഎസ്എസിന്റെ പിന്തുണയോടെയാണെന്നും വേണുഗോപാൽ പറഞ്ഞു.

