ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജാര്‍ഖണ്ഡില്‍ കൃത്യമായി പേര് പോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിക്കളഞ്ഞെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുന്നുണ്ടെന്നും നിയമപരമായും രാഷ്ട്രീയപരമായും പ്രശ്നം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വോട്ട് ചോരിയ്ക്ക് ശേഷം ഇപ്പോള്‍ നടക്കുന്നത് സീറ്റ് ചോരി ആണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ യുവാക്കള്‍ ആശങ്കയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. വരുന്ന മൂന്ന് മാസം രാജ്യവ്യാപക പ്രതിഷേധങ്ങളുയരും. സംസ്ഥാന തലത്തിലും പ്രതിഷേധങ്ങളുണ്ടാകും. ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദമായി കോണ്‍ഗ്രസ് മാറും. എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും ഇനി തെരുവിലായിരിക്കും. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കണം’: കെ സി വേണുഗോപാല്‍ പറഞ്ഞു.
