Kerala

രണ്ടുരൂപ ഡോക്ടര്‍ സേവനം നിര്‍ത്തി; ഇനി വിശ്രമജീവിതത്തിലേക്ക്

കണ്ണൂര്‍: ‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല’. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ ലളിതമായി ജോലിയില്‍നിന്ന് വിരമിച്ചത്. ഇങ്ങനെയൊരു ഡോക്ടര്‍ ഇനിയുണ്ടാവില്ലെന്നാണ് കണ്ണൂരുകാര്‍ പറയുന്നത്. ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കില്‍ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടര്‍ രൈരു ഗോപാല്‍ പരിശോധന നിര്‍ത്തി.

18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്‌നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. രണ്ടുരൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്പതോ രൂപമാത്രമാണ് രോഗികളില്‍നിന്നും വാങ്ങുക. പരിശോധനക്കായി ഒരു വീട്ടിലെത്തിയപ്പോള്‍ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവര്‍ത്തനം. ജോലി പോകേണ്ട തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തില്‍ പുലര്‍ച്ചയാണ് പരിശോധന. യൗവനകാലത്ത് പുലര്‍ച്ചെ മൂന്ന് മുതല്‍ ഡോക്ടര്‍ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികളുണ്ടാകും.

രാവിലെ 2.15 ന് എഴുന്നേല്‍ക്കുന്നതോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. നേരെ പശുത്തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല്‍ കറന്നെടുക്കും. ശേഷം കുളികഴിഞ്ഞ് പൂജാമുറിയേിലേക്ക്. അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും. താണ മാണിക്ക കാവിനടുത്തെ വീട്ടില്‍ രാവിലെ ആറര മുതല്‍ രോഗികളെത്തി തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. നേരത്തെ മരുന്ന് എടുത്തുകൊടുക്കാനും ടോക്കന്‍ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു. ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയില്‍ സഹായിക്കാനുണ്ടാകും. മകന്‍ ഡോ. ബാലഗോപാലും ഈ വഴിയില്‍ തന്നെ. പരിശോധിക്കാന്‍ വയ്യാതായതോടെയാണ് ഒപി നിര്‍ത്തുന്നത്. കണ്ണൂക്കര സ്‌കൂളിന്റെ മുന്‍ വശമുള്ള വാടക വീട്ടിലും മുമ്പ് പരിശോധന നടത്തിയിരുന്നു.

പിതാവ് കണ്ണൂരിലെ ഡോ. എ ഗോപാലന്‍ നമ്പ്യാരുടെ വഴിയിലാണ് മക്കളായ നാല് ആണ്‍മക്കളും കടന്നുപോകുന്നത്. ഡോ. രൈരു ഗോപാലനും ഡോ. വേണുഗോപാലും ഡോ. രാജഗോപാലും സന്നദ്ധ സേവനം ജീവിത വ്രതമാക്കി. പണമുണ്ടാക്കാനാണെങ്കില്‍ മറ്റെന്തെങ്കിലും പണിക്ക് പോയാല്‍ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛന്‍ നല്‍കിയ ഉപദേശം. അതുകൊണ്ടുതന്നെ പരിശോധന ഫീസ് തുച്ഛമായ തുകയാക്കി. വിലകുറഞ്ഞ ഗുണമേന്‍മയുള്ള മരുന്നുകളാണ് ഡോക്ടര്‍ കുറിക്കുക. മരുന്നുകമ്പനികളുടെയും കോര്‍പറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടര്‍ വീഴാത്തതിനാല്‍ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറാറില്ല. സേവനത്തിലൂടെ ലഭിക്കുന്ന സുഖം അതുവേറെയാണെന്ന് രൈരു ഗോപാലന്‍ ഡോക്ടര്‍ പറയുമ്പോള്‍ അതു മനസറിഞ്ഞാണ്. അമ്പതിലേറെ വര്‍ഷം കണ്ണൂരുകാരുടെ ആരോഗ്യം കാത്ത ശേഷമാണ് ജനകീയ ഡോക്ടര്‍ പരിശോധന നിര്‍ത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top