തിരുവനന്തപുരം: നിലമ്പൂരിൽ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്ന് കെ മുരളീധരൻ. 2016, 2021ലെ പഴുതുകൾ അടച്ചുള്ള പ്രവർത്തനമാണ് നിലമ്പൂരിൽ യുഡിഎഫ് കാഴ്ചവെച്ചതെന്നും 5000ത്തിൽ കുറയാത്ത ഭൂരിപക്ഷം പാർട്ടിക്ക് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

ലീഗുമായും മറ്റും ചേർന്ന് മികച്ച പ്രവർത്തനമാണ് മുന്നണിയിൽ നടന്നത്. ആശമാരുടെ നിശബ്ദപ്രചാരണവും പ്രിയങ്ക ഗാന്ധിയുടെ വരവും യുഡിഎഫിന് ഗുണം ചെയ്തു. എം വി ഗോവിന്ദന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന നിലമ്പൂരിൽ യുഡിഎഫിന് അനുകൂലമായി എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഈ തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നും മുരളീധരൻ പറഞ്ഞു. നിലമ്പൂർ യുഡിഎഫ് പിടിച്ചെടുക്കും. ആര്യാടൻ മുഹമ്മദ് തന്നെ മൂന്ന് തവണയാണ് 10000ൽ കൂടുതൽ വോട്ടുകൾ നേടി ജയിച്ചത്. ഇപ്പോഴുള്ള അനുകൂല ഘടകങ്ങൾ പരിശോധിച്ചാൽ വലിയ ഭൂരിപക്ഷം നേടാൻ സാധിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

