പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർ ഉപയോഗിച്ച വസ്ത്രങ്ങൾ പമ്പാ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽ നിന്ന് ശേഖരിച്ചെന്ന് ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിയിൽ.

പമ്പയില്‍ നിന്ന് ശേഖരിച്ച വസ്ത്ര മാലിന്യം രണ്ട് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം കമ്മിഷണര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ദേവസ്വം ബോര്‍ഡിനുമാണ് കോടതിയുടെ നിർദേശം.

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ അവരുപയോഗിക്കുന്ന അടിവസ്ത്രങ്ങൾ പമ്പയിലേക്ക് വലിച്ചെറിയുന്നുവെന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് ആദ്യം പുറത്ത് കൊണ്ടുവന്നത്. ഓരോ മണ്ഡലകാല സീസൺ കഴിയുന്തോറും ഏകദേശം 30 ലോഡ് തുണികൾ എങ്കിലും പമ്പയിൽ നിന്ന് ലഭിക്കാറുണ്ടെന്നാണ് കണക്ക്. ഇതിനൊപ്പം ഏകദേശം 10 ലോഡ് അടിവസ്ത്രങ്ങളും ആ കൂട്ടത്തിൽ കാണും.
ഇതെല്ലാം പമ്പയിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി എല്ലാ വർഷവും കാരാറുകാരെ ഏൽപ്പിക്കുന്നാണ് പതിവ്. ഇതിൽ അടിവസ്ത്രങ്ങൾ ഒഴികെ മറ്റെല്ലാ തുണികളും ഡൽഹിയിലെ കരാർ കമ്പനി അവരുടെ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്നതാണ് പതിവ് രീതി.

