Kerala

സിനിമാ ലോകമെ ഒപ്പം നില്‍ക്കാനുള്ള സാമാന്യ മര്യാദ കാണിക്ക്; അതിജീവിതയെ പിന്തുണച്ച് ഹരീഷ് പേരടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. മലയാള സിനിമ പ്രശംസകള്‍ ഏറ്റുവാങ്ങുന്ന സമയത്ത് നമ്മുടെ സഹപ്രവത്തക ഒരു ദുരനുഭവം നേരിടുമ്പോള്‍ ഒപ്പം നില്‍ക്കാനുള്ള സാമാന്യ മര്യാദ കാണിക്കണമെന്ന് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കി. എത്ര സിനിമ നഷ്ടപ്പെട്ടാലും താന്‍ സഹോദരിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘മലയാള സിനിമയുടെ മേക്കിങ്ങും കഥയുടെ ശക്തിയും കണ്ട് ലോകം അമ്പരന്ന് നില്‍ക്കുകയാണെന്ന തള്ളും തള്ളിന്റെ തള്ളും സ്വയം ഓസ്‌ക്കാറും പ്രഖ്യാപിക്കുന്ന മലയാള സിനിമാലോകമേ..നമ്മുടെ കൂടെ ജോലി ചെയ്ത ഒരു പെണ്‍കുട്ടിയാണി പറയുന്നത്..കൂടെ നില്‍ക്കാനുള്ള ഒരു സാമാന്യ മര്യാദയെങ്കിലും കാണിക്ക്..എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പം..’ ഹരീഷ് പേരടി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിതയുടെ പ്രതികരണം പങ്കുവെച്ചാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.

അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. ഇത് അന്യായവും ഞെട്ടിക്കുന്നതുമാണ്. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top