തിരുവനന്തപുരം: വൃത്തിയുള്ള അന്തരീക്ഷത്തിൽ ശുദ്ധമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഈ ലക്ഷ്യത്തോടെ ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കുകയാണ് സർക്കാർ. ‘മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ്’ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നാലിടങ്ങളിൽ ഭക്ഷണത്തെരുവുകൾ സജ്ജമാക്കിവരുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗർ, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പദ്ധതി തയാറാക്കുന്നത്. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിക്കുന്ന ആധുനിക ഫുഡ് സ്ട്രീറ്റുകളാണ് ഇവയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യ സംസ്‌കരണവും ഉറപ്പാക്കുന്നു.സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകൾ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

