എറണാകുളം കളമശ്ശേരിയിൽ കിടക്ക നിർമ്മാണ കമ്പനിയുടെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.

തീപിടുത്തത്തെ തുടർന്ന് കെഎസ്ഇബിയുടെ 110 കെവി ലൈൻ പൊട്ടിവീണത് പരിഭ്രാന്തി പടർത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചാണ് നിയന്ത്രണവിധേയമാക്കിയത്.
രാവിലെ ഒൻപതേകാലോടെയാണ് കളമശ്ശേരി സീപോർട്ട് – എയർപോർട്ട് റോഡിലെ എച്ച്എംടി ജംഗ്ഷന് സമീപമുള്ള കിടക്ക നിർമ്മാണ കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്. കിടക്കകൾക്ക് തീപിടിച്ച് തീ ആളിപ്പടർന്നതോടെ തകര ഷീറ്റിൽ നിർമ്മിച്ച മേൽക്കൂര നിലംപൊത്തി. ഇതിനിടെ സമീപത്തുകൂടി കടന്നു പോകുന്ന കെ എസ് ഇ ബിയുടെ 110 കെവി ലൈനിലേക്ക് തീ പടർന്നു. വൈദ്യുതി കമ്പികൾ ഉരുകി വലിയ ശബ്ദത്തോടെ പൊട്ടിവീണു.

