ദില്ലി വിമാനത്താവളത്തില്‍ 82കാരിക്ക് വീല്‍ ചെയര്‍ നിഷേധിച്ച് എയര്‍ ഇന്ത്യ. വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വയോധിക മുഖമടച്ച് വീഴുകയും ഗുരുതര പരുക്കേൽക്കുകയും ചെയ്തു. മൂക്കിനും ചുണ്ടിനും കണ്ണിനും പരുക്കേറ്റ വയോധികയെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാര്‍ച്ച് നാലിന് ദില്ലിയില്‍ നിന്നും ബംഗളൂരുവിലേക്കുളള യാത്രയ്ക്കിടെയാണ് നിര്‍ഭാഗ്യകരമായ സംഭവം. എയര്‍ ഇന്ത്യയില്‍ നേരത്തേ തന്നെ വീല്‍ചെയര്‍ ബുക്ക് ചെയ്ത് ദില്ലി വിമാനത്താവളത്തിലെത്തിയ 82കാരിയും ചെറുമകനും ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും സേവനം ലഭ്യമായില്ല. തുടര്‍ന്ന് ടെര്‍മനിലേക്ക് നടന്ന് പോകുന്നതിനിടയിലാണ് പ്രീമിയം ഇക്കണോമിക് കൗണ്ടറിന് മുന്നില്‍വച്ച് വയോധിക മുഖമടിച്ച് വീണത്.
വീഴ്ചയില്‍ മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും മേല്‍ച്ചുണ്ടിലും നാക്കിലും മുറിവേല്‍ക്കുകയും ചെയ്തു. പെട്ടെന്ന് സഹായിക്കാനോ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ആരും തയ്യാറായില്ലെന്ന് ചെറുമകള്‍ പരുള്‍ കന്‍വര്‍ എക്സില്‍ കുറിച്ചു.

