പത്തനംതിട്ട തണ്ണിത്തോട് കാട്ടാനയും കുട്ടിയാനയും ജനവാസ മേഖലയിൽ തുടരുന്നു. വെള്ളിയാഴ്ച രാത്രി മുതലാണ് കല്ലാറ്റിനു സമീപം കാട്ടാന എത്തിയത്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി മുതലാണ് തണ്ണിത്തോട്ടിൽ വനമേഖലയോട് ചേർന്ന് കടന്ന് പോകുന്ന റോഡിന് സമീപത്തെ കല്ലാറ്റിൽ പിടിയാന നിലയുറപ്പിച്ചത്. ഇന്ന് പുലർച്ച ആന വനമേഖലയിലേക്ക് ആന കടന്നെങ്കിലും രാവിലെ തിരികെ എത്തുകയായിരുന്നു.
കുട്ടി ആനയുമായി എത്തിയ പിടിയാന റോഡിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനപാലകർ പടക്കം പൊട്ടിച്ചു വനത്തിലേക്ക് തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിടിയാനക്കും കുട്ടിയാനക്കും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് നിരീക്ഷണത്തിനു ശേഷം വനപാലകർ അറിയിച്ചത്. ആനയെ എത്രയും പെട്ടെന്ന് വനത്തിലേക്ക് തിരുത്താൻ ഉള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

