മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ ഇഡി കേസെടുക്കുമെന്ന് വിവരം. എസ്എഫ്ഐഒയോട് ഇഡി കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇത് കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റർ ചെയ്യും. രേഖകൾ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക.

അതിനിടെ എസ്എഫ്ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടരയോടെയായിരിക്കും ഹർജികളിൽ വാദം കേൾക്കുക. ഹർജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.
സിഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരാകും. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

