Kerala

‘ഇതൊന്നും നടക്കുന്ന കാര്യമല്ല’, ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ നിലപാട് കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകള്‍. അടിമുടി പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ കടുത്ത പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂളുകൾ രംഗത്ത് വന്നു കഴിഞ്ഞു. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട്  പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ലെന്നാണ് പറയുന്നത്. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നും ഡ്രൈവിംഗ് സ്‌കൂളുകൾ വ്യക്തമാക്കുന്നു.

ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം. ഒരുകാരണവശാലം ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു വ്യക്തമാക്കുന്നത്. ഗതാഗത വകുപ്പിന്‍റെ നിര്‍ദേശം സംസ്ഥാനത്തെ ഏഴായിരത്തിലധികം ഡ്രൈവിംഗ് സ്കൂളുകളെയും ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും ഈ മേഖലയില്‍ നിന്ന് തന്നെ തുടച്ച് നീക്കുമെന്ന് ഡ്രൈവിംഗ് സ്കൂള്‍ പ്രതിനിധികൾ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുന്നതിനോട് ഒരു എതിര്‍പ്പുമില്ല.

ഏതുതരത്തിലും ടെസ്റ്റില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. മലപ്പുറത്തെ ഗ്രൗണ്ട് ഡ്രൈവിംഗ് സ്കൂളുകള്‍ വാടകയ്ക്ക് എടുത്തതാണ്. ടെസ്റ്റ് നടത്താൻ മോട്ടോര്‍ വാഹന വകുപ്പുമായി ഗ്രൗണ്ട് വിട്ടുനൽകി സഹകരിക്കുകയായിരുന്നു. ഇനി ഗ്രൗണ്ട് വിട്ടുനൽകില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ പിൻവലിക്കും വരെ സമരം തുടരും. സര്‍ക്കുലര്‍ പിൻവലിച്ച് ചര്‍ച്ച നടത്തി മാറ്റങ്ങള്‍ വരുത്താമെന്നും അവര്‍ പറയുന്നു.

നേരത്തെ ട്രാക്കൊരുക്കുന്നതിൽ പോലും സ്കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്ചകൾക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്കരണങ്ങൾ ബഹിഷ്കരിക്കുമെന്ന് ആദ്യം സിഐടിയു നിലപാടെടുത്തു. ടെസ്റ്റ് പരിഷ്ക്കരണം ഇന്ന് മുതല്‍ നടപ്പാക്കുന്നതിനിടെയാണ് സമരവുമായി ഡ്രൈവിംഗ് സ്കൂളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top