തിരുവനന്തപുരം: ബിജെപി നേതാവ് കൃഷ്ണ കുമാറിനും മകള്‍ ദിയക്കുമെതിരെ പരാതിക്കാര്‍ രംഗത്ത്. ക്യു ആര്‍ കോഡ് തട്ടിപ്പ് നടത്തിയെന്നുള്ള ദിയയുടെ ആരോപണം പച്ചക്കള്ളമാണെന്നും അതിന് തെളിവുണ്ടോയെന്നും പരാതിക്കാര്‍ ചോദിച്ചു.

തങ്ങളുടെ കൈയില്‍ നിന്ന് അവര്‍ 8,82,000 രൂപ തട്ടിയെടുത്തു. കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയാണ് തങ്ങളുടെ കുറ്റസമ്മത വീഡിയോ പകര്‍ത്തിയത്. കൃഷ്ണകുമാര്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ചെന്നും അസഭ്യവര്‍ഷമാണ് നടത്തിയതെന്നും പരാതിക്കാര്‍ ആരോപിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലടക്കം പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തി.

തങ്ങള്‍ക്കൊക്കെ മീന്‍ വില്‍പന നടത്താനുള്ള നിലവാരമേയുള്ളൂ എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞതെന്നും പരാതിക്കാര്‍ ആരോപിച്ചു. തന്റെ മകളുടെ കടയില്‍ എന്തിന് ജോലിക്ക് വന്നു എന്നും ചോദിച്ചു. ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനും ഐ ഫോണ്‍ ഉപയോഗിക്കാനും എന്ത് യോഗ്യതയുണ്ടെന്നും ചോദിച്ചിട്ടുണ്ട്. പണം നല്‍കിയതിന് രസീത് ആവശ്യപ്പെട്ട് തന്റെ ഭര്‍ത്താവ് ദിയയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നാണ് അവരുടെ ആരോപണം. കോള്‍ റെക്കോര്‍ഡ് പരിശോധിച്ചാല്‍ ആര് ആരെയാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമാകുമെന്നും പരാതിക്കാരി പറഞ്ഞു. തന്റെ അച്ഛന്‍ ആരാണെന്ന് കാണിച്ച് തരാം എന്ന് പറഞ്ഞ് ദിയ ഫോണ്‍വെച്ച ശേഷം കൃഷ്ണകുമാര്‍ വിളിച്ചു. ‘നീയൊക്കെ എന്റെ മകളെ ഭീഷണിപ്പെടുത്താറായോ’ എന്നാണ് കൃഷ്ണകുമാര്‍ ചോദിച്ചത്. ‘നീയൊക്കെ ചെയ്യാന്‍ പറ്റുന്നത് ചെയ്യ്, നിന്റെയൊക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല, എനിക്ക് കേന്ദ്രത്തിലാണ് പിടി’ എന്നും കൃഷ്ണകുമാര്‍ പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു.
പലപ്പോഴും ദിയയോട് താന്‍ തിരിച്ച് സംസാരിച്ചിട്ടുണ്ട്. അതൊന്നും ദിയക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരില്‍ ദിയ പകരം വീട്ടുന്നതാണെന്ന് അവരുടെ ഡ്രൈവര്‍മാരോട് സംസാരിച്ചപ്പോള്‍ മനസിലായിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

