സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം വന്ന് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവമുണ്ടായത്. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി സ്വദേശിനി ശ്രീ നിധി (16) ആണ് മരിച്ചത്.

സ്‌കൂളിന് സമീപത്തെത്തിയപ്പോൾ കുട്ടിക്ക് നെഞ്ചുവേദന ഉണ്ടായി. തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവം ഒരു അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ശ്രീ നിധിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാർ സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. രണ്ടാമത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്‌ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്രീ നിധിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

