ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കെടുതിയിൽ രണ്ടുപേർ കൂടി മരിച്ചു. മൻമോഹൻ കാമത്ത് (63), ദിനേശ് (14) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

മഴവെള്ളം പമ്പ് ചെയ്തു കളയുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്പാർട്ട്മെന്റിലാണ് സംഭവം. താമസക്കാരനായ മൻമോഹൻ കാമത്തും, അപ്പാർട്ട്മെന്റിലെ തൊഴിലാളിയായ നേപ്പാൾ സ്വദേശി ഭരതിന്റെ മകൻ ദിനേശും വൈദ്യുതി മോട്ടോർ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം മൂന്നായി. നേരത്തെ ശക്തമായ മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണ് 35 വയസുള്ള യുവതി മരിച്ചിരുന്നു.

