ചണ്ഡീഗഡ്: ഹരിയാനയില്‍ ഒരു കുടുംബത്തിലെ 7 പേരെ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ച്കുളയിലാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. കാറിനുള്ളില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തി. സംഭവത്തില്‍ ഹരിയാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പഞ്ച്കുളയിലെ ഒഴിഞ്ഞ സ്ഥലത്ത് തിങ്കളാഴ്ച രാത്രി പത്തുമണിക്കാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അച്ഛന്‍, അമ്മ,12 വയസും 13 വയസുമുള്ള രണ്ട് പെണ്‍ക്കുട്ടികള്‍, 14 വയസുള്ള മകന്‍, കുട്ടികളുടെ മുത്തശ്ശി എന്നിവരാണ് മരിച്ചത്. കാറിനുള്ളില്‍ നിന്ന് തന്നെയാണ് കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹം ലഭിച്ചത്.

കാറിന്റെ പിന്‍വശത്തെ വിന്‍ഡ്ഷീല്‍ഡ് ഒരു തുണികൊണ്ട് മൂടിയ നിലയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വിക്രം നേഹ്‌റ പറഞ്ഞു. മറച്ച നിലയിലുള്ള വിന്‍ഡ്ഷീല്‍ഡ് ശ്രദ്ധയില്‍പ്പെട്ടയാള്‍ പരിശോധിച്ചപ്പോഴാണ് കാറില്‍ അബോധാവസ്ഥയിലുള്ളവരെ കണ്ടെത്തിയത്.
തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പഞ്ച്കുളയിലെ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. ലുഡിയാനയിലെ മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും കേസിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

