ഗുജറാത്തിൽ നാല് വയസ്സുകാരിയെ നരബലി കൊടുത്തു. തിങ്കളാഴ്ച്ച ഛോട്ടാ ഉദയ്പൂരുലാണ് സംഭവം. റിതാ തദ്വി എന്ന കുട്ടിയെ അമ്മയുടെ മുന്നിലിട്ട് കോടാലികൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തത്. ശേഷം കുട്ടിയുടെ രക്തം കുടുംബക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. സംഭവത്തിൽ 42കാരനായ ലാലോ ഹിമ്മത്ത് എന്ന അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച്ച രാവിലെ 8:30 ഓടെയാണ് ബോഡേലി താലൂക്കിലെ പനേജ് ഗ്രാമത്തിൽ സംഭവം നടക്കുന്നത്. അമ്മയ്ക്കും സഹോദരനുമൊപ്പം റോഡിലൂടെ നടന്ന് പോകുകയായിരുന്ന റിതയെ അയൽവാസിയായ ലാലോ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് പിന്നാലെയോടിയ കുട്ടിയുടെ അമ്മ അലറിക്കരഞ്ഞതോടെ അയൽവാസികൾ ഓടിയെത്തി, തുടർന്ന് ഇവർ ലാലോയെ കുട്ടിയെ ആക്രമിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഇവരെ കോടാലി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാൾ കുട്ടിയെ തറയിൽ കിടത്തി കഴുത്തിൽ കോടാലികൊണ്ട് വെട്ടുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചിരുന്നു.
തുടർന്ന് പ്രതി കുട്ടിയുടെ രക്തം വീട്ടിൽ പണിത ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചുവെന്നാണ് പൊലീസടക്കം പറയുന്നത്. ദേവിയെ പ്രീതിപ്പെടുത്താനാണ് ഇയാൾ ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാൾ മന്ത്രവാദിയാണോ എന്നതിൽ ഇതുവരെ വ്യക്തത ഇല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

