കൊല്ലം: സംസ്ഥാനത്തെ ബിജെപി വളര്‍ച്ച ഗൗരവതരമെന്ന് സിപിഐഎം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്. ഇന്ന് സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. ഇത് അതീവ ഗൗരവത്തോടെ കാണണം. പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുന്ന തരത്തിലാണ് ഇവിടെ വോട്ട് ബിജെപിക്ക് പോയത്. തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് പോയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂരിലെ ബിജെപി വിജയത്തെ കുറിച്ച് കാര്യമായി തന്നെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷ് ഗോപിയുടെ വിജയത്തിന് യുഡിഎഫ് വോട്ട് ചോര്‍ച്ചയാണ് പ്രധാന കാരണമെങ്കിലും എല്‍ഡിഎഫിന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. ബിജെപിയുടെ വിജയം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

