ആലപ്പുഴ: 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ പൊലീസ് കേസ് എടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം.

ആലപ്പുഴ സൗത്ത് പൊലീസ് ആണ് സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്.

തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

