തിരുവനന്തപുരം: വിമർശനവും സ്വയം വിമർശനവും ചൂണ്ടിക്കാണിച്ച് ബ്രാഞ്ച് സെക്രട്ടറിമാർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ കത്ത്.

കമ്മ്യൂണിസ്റ്റ് പാർട്ടി അതിൻ്റെ യുവത്വം ഉയർത്തിപ്പിടിക്കുന്നത് പഴയകാലത്തിൻ്റെ സമരാനുഭവങ്ങൾ പഠിച്ചുകൊണ്ടും പഴയ സഖാക്കളുടെ സംഭവനകളെ മാനിച്ചു കൊണ്ടുമാകണമെന്ന് കത്തിൽ ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു. നിസ്സാരം എന്ന് തോന്നുന്ന ഇത്തരം കാര്യങ്ങൾ സാരമാണെന്ന് മനസ്സിലാക്കാനും കമ്മ്യൂണിസ്റ്റുകൾക്ക് കടമയുണ്ടെന്നും കത്ത് ഓർമ്മിപ്പിക്കുന്നുണ്ട്. സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളെ അഭിസംബോധന ചെയ്താണ് ബിനോയ് വിശ്വത്തിൻ്റെ കത്ത്. ‘സഖാക്കളെ മുന്നോട്ട്’ എന്ന തലക്കെട്ടോടെ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തെന്ന നിലയിലാണ് നവയുഗം ദ്വൈവാരികയിൽ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പല ബ്രാഞ്ചുകളുടെയും പ്രവർത്തന റിപ്പോർട്ടുകൾ ശുഷ്കമായിരുന്നെന്നും കത്തിൽ വിമർശനമുണ്ട്. മേൽഘടകങ്ങൾ ഏൽപ്പിച്ച കാര്യങ്ങൾ യാന്ത്രികമായി ചെയ്തതിൻ്റെ വിവരണം മാത്രമായി അവമാറിയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജനജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുമ്പോഴേ പാർട്ടി ജനങ്ങളുടേതാകൂവെന്നും സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിമാരെ ഓർമ്മപ്പെടുത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കിടയിൽ ജലത്തിലെ മത്സ്യത്തെ പോലെ ജീവിക്കണമെന്ന് ആചാര്യന്മാർ പഠിപ്പിച്ചത് അതുകൊണ്ടാണെന്നും ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

