കൊച്ചി: അതിരപ്പിള്ളിയിലെ ദൗത്യം പൂര്‍ണവിജയം എന്ന് പറയാനായിട്ടില്ലെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ. ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകൂ. ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴമുണ്ട്. ഒന്നരമാസത്തോളം തുടര്‍ച്ചയായി ചികിത്സ നല്‍കേണ്ടിവരുമെന്നും ഡോ. അരുണ്‍ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.

ആനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. നല്‍കേണ്ട ചികിത്സയെക്കുറിച്ച് മാര്‍ഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും ശാന്തനായാണ് കാണുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആനയ്ക്ക് ആദ്യം നല്‍കിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറി വീണ്ടും അണുബാധയുണ്ടായതാണ്. ആന മയങ്ങി വീണത് ഗുണം ചെയ്തു. അതുകൊണ്ടാണ് സ്‌പോട്ടില്‍ വെച്ച് ചികിത്സ നല്‍കാന്‍ സാധിച്ചത്. പഴുപ്പ് പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

