Kerala

സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപിയെ രക്ഷിക്കാന്‍ ഇഡിക്കോ ബിജെപിക്കോ കഴിയില്ല : മുഖ്യമന്ത്രി

തൃശൂര്‍: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാല്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് വല്ല രക്ഷയും കിട്ടുമോയെന്ന ആലോചന സ്വാഭാവികമായി ബിജെപിക്ക് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറപ്പായും സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുന്ന അവസ്ഥയിലേക്ക് എത്തും. ആര്‍ക്കും സംശയമില്ലാത്ത കാര്യമാണിത്. ഇതുകൊണ്ടൊന്നും സുരേഷ് ഗോപിയെ രക്ഷിക്കാന്‍ ഇഡിക്കോ ബിജെപിക്കോ കഴിയില്ല. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

‘സിപിഎം തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനം നടത്തുന്നത് ഞങ്ങളുടെ കയ്യില്‍ കെട്ടിവെച്ച കാശിന്റെ മാത്രം ഉറപ്പിലല്ല. ഞങ്ങളുടെ കയ്യില്‍ കുറച്ച് കാശ് ഉണ്ടാകാറുണ്ട് അതു രഹസ്യമല്ല. ഇന്ത്യാസര്‍ക്കാരിന് കൊടുക്കുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. ആ പണം ചിലപ്പോള്‍ തെരഞ്ഞെടുപ്പില്‍ ചിലവഴിക്കാറുമുണ്ട്. എന്നാല്‍ സാധാരണ നിലയ്ക്ക് സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് ജനങ്ങള്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ്. അതു തടയാന്‍ ഒരു കൂട്ടര്‍ക്കും കഴിയില്ല. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കില്‍, ആ രക്ഷ കിട്ടാന്‍ പോകുന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായിത്തന്നെ നടക്കും. ഇടതുമുന്നണിയുടെ പ്രവര്‍ത്തനവും നടക്കും. അതിലൊന്നും ഒരു കുറവും ഉണ്ടാകില്ല.’

‘എക്‌സാലോജിക്‌സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകള്‍ വഴിയാണ് നടന്നത്. ഒരു കമ്പനി മറ്റൊരു കമ്പനിക്ക് നല്‍കിയ സേവനത്തിന് ഈടാക്കിയ ഫീസ് രഹസ്യമല്ലല്ലോ. സാധാരണ ഗതിയില്‍ കൊടുക്കുന്ന ഇന്‍കംടാക്‌സ് സ്‌റ്റേറ്റ്‌മെന്റുകളില്‍ ആ ഭാഗം അടക്കം ഉള്ളതാണല്ലോ. അതുവരെ കേസിന് ഉപയോഗിക്കാമെന്നത് പുതിയ കീഴ്വഴക്കമായി വരുന്നു. അത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അതു നടക്കട്ടെ. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top