കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് 60 വർഷം പഴക്കമുണ്ട്. ഹോസ്റ്റലിലെ പലമുറികളും ചോർന്നൊലിക്കുന്ന നിലയിലാണ്.

പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്ന അവസ്ഥയുമുണ്ട്. പിജി വിദ്യാർഥികളുടെ ഹോസ്റ്റലും അപകടാവസ്ഥയിലാണ്. വിദ്യാർഥികൾ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ സ്ഥലം സന്ദർശിച്ചു.

അതസമയം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളത്തെ ഭീതിപ്പെടുത്തി ഭരിക്കുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറികഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്ടറുടെ അന്വേഷണമല്ല, പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവർ എന്തിനാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നതെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് സ്ഥിര ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

