എം സ്വരാജിനു വേണ്ടി വോട്ട് ചോദിച്ച സാഹിത്യ, കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ.

എഴുത്തുകാർ ദന്തഗോപുരവാസികൾ അല്ല, അവർ സാധാരണ മനുഷ്യരാണ്. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കാൻ അവകാശപ്പെട്ട മനുഷ്യരാണ് അവർ. എഴുത്തുകാർക്ക് ജനാധിപത്യ ബോധമുണ്ട്, രാഷ്ട്രീയമുണ്ട് വോട്ട് ചെയ്യും വോട്ട് ചോദിക്കുകയും ചെയ്യും ബെന്യാമിൻ പ്രതികരിച്ചു.

എഴുത്തുകാരുടെ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുന്നത് തികഞ്ഞ അരാഷ്ട്രീയ വാദമാണെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു. തങ്ങളുടെ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാൻ പറ്റാതെ പോകുന്നതിന്റെ ഖേദം മറ്റുള്ളവരെ തെറി പറഞ്ഞല്ല തീർക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു
രാഷ്ട്രീയം ഉണ്ടെങ്കിൽ നിങ്ങൾ അതു പറയുക അല്ലാതെ മറ്റുള്ളവരെ പരിഹസിക്കുകയല്ല വേണ്ടത്. ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിൽക്കുന്ന എഴുത്തുകാർ ഉറച്ച് ശബ്ദിച്ചുകൊണ്ടിരിക്കും. എം സ്വരാജിനെ പോലുള്ള കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉള്ള വായനക്കാരനോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണെന്നും ബെന്യാമിൻ പറഞ്ഞു.
സാംസ്കാരിക പ്രവർത്തകരും, എഴുത്തുകാരും ഇഷ്ടം പുറത്തു കാണിക്കാൻ തുടങ്ങിയപ്പോൾ മുതൽ, വലതുപക്ഷ സംസ്കാരിക പ്രവർത്തകരും എഴുത്തുകാരും അതിനെ എതിർക്കുന്നത് തങ്ങളുടെ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാൻ സാധിക്കുന്നില്ല എന്നതിനാലാണ്. അതിനൊപ്പം അവർക്ക് സ്വരാജിനെ എതിർക്കാനും സാധിക്കുന്നില്ല. ഇതാണ് വലതുപക്ഷ സംസ്കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും പ്രകോപനത്തിനു പിന്നിലെ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

