ഉത്തർപ്രദേശ്: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെ അയോധ്യ യാത്ര സംഘടിപ്പിക്കാൻ ബിജെപി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ എത്തിക്കുന്നതിനായി പ്രത്യേക യാത്ര സംഘടിപ്പിക്കാനാണ് നീക്കം. ഇന്ന് മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ഈ മാസം 25 മുതല്‍ മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് യാത്ര കൊണ്ട് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി യാത്ര സംഘടിപ്പിക്കും. കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയായിരിക്കും പങ്കെടുപ്പിക്കുക.
അയോധ്യ യാത്രയുടെ ഭാഗമായി എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കാന്‍ യുപിയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി. ലോക്സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യ സജീവ ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു യാത്ര. നാളെ മുതല്‍ ബിജെപി ദേശീയ നേതാക്കളും കുടുംബ സമേതം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും.പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ രാമക്ഷേത്രം വോട്ടാക്കി മാറ്റാനുള്ള നീക്കങ്ങളാണ് ബിജെപി സജീവമാക്കുന്നത്.