ന്യൂഡൽഹി: തുടര്‍ച്ചയായി അഞ്ചാം തവണയും വിക്ഷേപണം മാറ്റി വെച്ച് ആക്‌സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തില്‍ ഈ അടുത്ത് നടന്ന അറ്റകുറ്റപണികളെ തുടര്‍ന്ന് നാസയുടെ നിരീക്ഷണം തുടരുന്നതിനാലാണ് തീയതി മാറ്റിയത്. മുന്‍പ് മോശം കാലാവസ്ഥയും യന്ത്രതകരാറും കാരണമായിരുന്നു ദൗത്യം നീക്കി വെച്ചത്. വിക്ഷേപണം ജൂണ്‍ 22 ന് നടത്തുമെന്നാണ് പുതിയ വിവരം.

ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാവും വിക്ഷേപണം നടക്കുക. ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റും ഐഎസ്‌ആര്‍ഒയിലെ ബഹിരാകാശ യാത്രികനുമായ ശുഭാന്‍ഷു ശുക്ലയും ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തില്‍ അന്താരാഷ്ട്ര സംഘത്തോടൊപ്പം ചേരും. രാകേഷ് ശര്‍മ്മയ്ക്കുശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാന്‍ഷു.

യാത്ര ലക്ഷ്യം കണ്ടാല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും അദ്ദേഹം. അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തിലുളളത്.
ശുഭാന്‍ഷു ശുക്ലയ്‌ക്കൊപ്പം അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിന്റെ സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

