തിരുവനന്തപുരം: ഉച്ചയ്ക്ക് 1.15ന് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു.

ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ മടങ്ങുകയായി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
പായസം, വെള്ളനിവേദ്യം ഉൾപ്പെടെ ഒട്ടേറെ നിവേദ്യങ്ങളാണു ഭക്തർ തയാറാക്കിയിരുന്നത്. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നതോടെയാണു പൊങ്കാലയ്ക്കു തുടക്കമായത്. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകർന്നു. പിന്നാലെ ഭക്തർ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകി.

