പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ അർധ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മർദനമേറ്റ യുവാവ് ഇന്ന് കോടതിയിൽ ഹാജരാകും. സിജുവിനെ വിശദമായി കേട്ട ശേഷമായിരിക്കും റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.

ജൂൺ 11 വരെയാണ് മണ്ണാർക്കാട് എസ് സി/എസ് ടി കോടതി പ്രതികളെ റിമാൻഡ് ചെയ്തത്. മെയ് 24-നായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്. വാഹനത്തിന് മാർഗതടസ്സം ഉണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആക്രമണം ചെറുത്തതോടെ യുവാക്കൾ കെട്ടിയിട്ട് മർദ്ദിച്ചെന്നായിരുന്നു സിജുവിൻ്റെ പരാതി.

മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്.

