മലപ്പുറം: യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായുള്ള തന്‌റെ കൂടിക്കാഴ്ച്ച മുടക്കിയത് വി ഡി സതീശനെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗോപാലിലായിരുന്നു തന്‌റെ അവസാന പ്രതീക്ഷ.

കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നും അറിയിച്ചിരുന്നതാണ്.
അന്‍വറിനെ കണ്ടാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്ന് വി ഡി സതീശന്‍ അവസാന നിമിഷം കെ സി വേണുഗോപാലിനെ അറിയിച്ചു. ഇതില്‍ നിസ്സഹായനായ കെ സി വേണുഗോപാല്‍ തിരക്കാണെന്നും പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് മനഃപൂര്‍വ്വം കൂടിക്കാഴ്ച്ചയില്‍ നിന്നും പിന്മാറുകയായിരുന്നു എന്നും പി വി അന്‍വര്‍ പറഞ്ഞു.
വൈകിട്ട് അഞ്ച് മണി മുതല്‍ 7.45 വരെ കോഴിക്കോട് ടൗണില്‍ താന്‍ വെറുതേ കാത്തിരുന്നുവെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പരിഭവം പ്രകടിപ്പിച്ചു.

